Thursday, March 31, 2011

മദ്യപിച്ചു വാഹനമോടിക്കല്‍: പോലിസിനു കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്കെതിരേ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കേസെടുക്കാനാവൂ എന്നു ഹൈക്കോടതി.കോഴിക്കോട് സ്വദേശി മെഹബൂബിനെതിരേ സിറ്റി ട്രാഫിക് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് പോലിസിന് നേരിട്ട് കേസെടുക്കാനാവില്ലെന്ന് ജസ്റ്റിസ് തോമസ് പി ജോസഫ് ഉത്തരവിട്ടത്.ട്രാഫിക് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
കുറ്റപത്രം ട്രാഫിക് പോലിസിനു മടക്കി നല്‍കാനും തുടര്‍ന്നു മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനും കോടതി നിര്‍ദേശിച്ചു.
മദ്യപിച്ചു വാഹനമോടിക്കുന്നവരെ കസ്റ്റഡിയിലെടുത്താല്‍ മെഡിക്കല്‍ പരിശോധന നടത്തി രണ്ടു മണിക്കൂറിനുള്ളില്‍ രക്തം പരിശോധിച്ചു വിട്ടയക്കണമെന്നാണ് വ്യവസ്ഥയെന്നും കോടതി സൂചിപ്പിച്ചു.
മൂന്നു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്കു മജിസ്‌ട്രേറ്റിന്റെ അനുമതിയോടെയേ കേസ് രജിസ്റ്റര്‍ ചെയ്യാനാവുവെന്നും ജസ്റ്റിസ് തോമസ് പി ജോസഫ് ഉത്തരവില്‍ പറഞ്ഞു. വാറന്റില്ലാതെ പോലിസിന് ഈ കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അനുവാദമില്ലെന്നും കോടതി വ്യക്തമാക്കി